വാർത്തകള്‍

📢 അറിയിപ്പ്

നായരമ്പലം ഗ്രാമപഞ്ചായത്ത്

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ, വെട്ടി ഒതുക്കുകയോ ചെയ്ത് അപകടസാധ്യത ഒഴിവാക്കേണ്ടതാണ്.

പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്‍മേലുണ്ടാകുന്ന സകലവിധ കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം, 2005-ലെ സെക്ഷൻ 30(2)(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഇതിനാൽ അറിയിക്കുന്നു.

⚠️ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

അപകടസാധ്യതയുള്ള മരങ്ങൾ എത്രയും വേഗം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച് ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
തീയതി : ....................സെക്രട്ടറി
നായരമ്പലം ഗ്രാമപഞ്ചായത്ത്

 

📢 പഞ്ചായത്ത് അറിയിപ്പ്

നായരമ്പലം ഗ്രാമപഞ്ചായത്ത്

1️⃣ മലിനജലം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച അറിയിപ്പ്

നായരമ്പലം ഗ്രാമപഞ്ചായത്ത് പരിധിയിൽ യാതൊരാളും ഏതെങ്കിലും സിങ്ക്, ചാല്‍, തൊഴുത്ത്, ഹോട്ടല്‍, റസ്റ്റോറന്റ്, വീട്, വ്യവസായ സ്ഥാപനം, ആശുപത്രി അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം പൊതു അഴുക്കുചാലുകൾ, റോഡുകൾ, തെരുവുകൾ, പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ അല്ലെങ്കിൽ ജലമാർഗ്ഗങ്ങൾ എന്നിവിടങ്ങളിലേക്ക് ഒഴുക്കുകയോ അതിന് അനുവദിക്കുകയോ ചെയ്യരുത്.

ഇപ്രകാരം ചെയ്യുന്നവർക്ക് കേരള പഞ്ചായത്ത് രാജ് നിയമം 219 കെ വകുപ്പ് പ്രകാരം ₹50,000 വരെ പിഴ ചുമത്തുന്നതാണ്.

⚠️ പ്രധാന നിർദ്ദേശം
ഈ നോട്ടീസ് ലഭിച്ച ശേഷം 7 ദിവസത്തിനകം ലംഘനം ഒഴിവാക്കേണ്ടതാണ്.

നിർദ്ദേശം പാലിക്കാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് ലംഘനം നീക്കം ചെയ്യുന്നതും അതിന് ചെലവാകുന്ന തുകയും ₹50,000 വരെ പിഴയും ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് ഈടാക്കുന്നതുമാണ്.

2️⃣ ജലാശയങ്ങളിലും പൊതുജലമാർഗ്ഗങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച അറിയിപ്പ്

പൊതുജലമാർഗ്ഗങ്ങൾ, ജലാശയങ്ങൾ, ജലസ്രോതസ്സുകൾ എന്നിവിടങ്ങളിൽ മാലിന്യം, ചവറ്, വിസർജ്യവസ്തുക്കൾ നിക്ഷേപിക്കുകയോ, മലിനജലം ഒഴുക്കുകയോ, ജലം മലിനമാക്കുന്ന മറ്റ് പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

കേരള പഞ്ചായത്ത് രാജ് നിയമം 219 എസ് വകുപ്പ് പ്രകാരം ഈ കുറ്റം കോഗ്നൈസിബിളും ജാമ്യമില്ലാത്തതുമായ കുറ്റമാണ്. 

ശിക്ഷ

  • ₹50,000 വരെ പിഴ
  • കുറഞ്ഞത് 6 മാസം മുതൽ പരമാവധി 1 വർഷം വരെ തടവ്

⚠️ പൊതുഅറിയിപ്പ്

ഈ വിഷയത്തിൽ ഇനി പ്രത്യേക അറിയിപ്പ് നൽകാതെ തന്നെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണ്.

അതിനാൽ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും മേൽപ്പറഞ്ഞ ലംഘനങ്ങൾ ഉടൻ സ്വന്തം നിലയിൽ ഒഴിവാക്കുകയും, ഇത്തരത്തിലുള്ള നിയമലംഘനങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയും ചെയ്യേണ്ടതാണ്.

സെക്രട്ടറി 
നായരമ്പലം ഗ്രാമപഞ്ചായത്ത്